ഓപ്പറേഷൻ ഗംഗ തുടരുന്നു; കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു; മലയാളികൾക്ക് സൗജന്യ യാത്ര

  • 26/02/2022

ദില്ലി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ആശ്വാസ തീരമണഞ്ഞ് കൂടുതൽപേർ. കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. റുമാനിയിൽ നിന്നുള്ള  രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ഇന്നെത്തിയത്. വിമാനത്താവളത്തിൽ  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. 

ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക്  പോകും. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈാകുന്നേരവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികൾക്കായി സംസ്ഥാന സർക്കാർ നാട്ടിലേക്ക്  സൗജന്യയാത്ര ഏർപ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.അതേസമയം യുക്രൈനിൽ നിന്ന് ദില്ലിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ദില്ലിയിലെ ഇൻഫർമേഷൻ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗറിയിൽ നിന്നുള്ള വിമാനം ദില്ലിയിൽ രാവിലെ ഒമ്പതരയോടെ എത്തും. 25 മലയാളി വിദ്യാർത്ഥികൾ ഇതിലുണ്ട്.

സുരക്ഷിതമായി ആയിരുന്നു അതിർത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനിൽ നിന്നെത്തിയ സംഘം പ്രതികരിച്ചു. യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കണമെന്നും വിദ്യാർഥികൾ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു.

Related News