ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയിൽ, 25 മലയാളികളടക്കം 240 പേർ വിമാനത്തിൽ

  • 27/02/2022

ദില്ലി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട്. രക്ഷാദൌത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയിൽ നിന്ന് ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തിയിരുന്നു. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. 

ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരമാവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികൾക്കായി സംസ്ഥാന സർക്കാർ നാട്ടിലേക്ക്  സൗജന്യയാത്ര ഏർപ്പടുത്തിയിട്ടുണ്ട്. 

തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗക്ക് തുടക്കമിട്ടത്. റൊമേനിയയിൽ നിന്ന്  219  പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയിൽ എത്തിച്ചത്. ഈ സംഘത്തിൽ 27 പേർ മലയാളികളായിരുന്നു. 

Related News