'റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിനായി ഇടപെടണം', പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

  • 27/02/2022

തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളാ മുഖ്യമന്ത്രി കത്തയക്കുന്നത്. 

കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോളണ്ട്- യുക്രൈൻ അതിർത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നടന്നെത്തുന്നത്. 

എന്നാൽ യുക്രൈൻ അധികൃതർ ഇവരെ കടത്തിവിടാൻ അനവദിക്കുന്നില്ല. യുക്രൈൻ സൈന്യത്തിൽ നിന്നും മലയാളികളടക്കമുള്ള വിദ്യാർത്ഥികൾക്ക്  അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തിൽ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related News