ചക്രവാതച്ചുഴി: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായേക്കും, സംസ്ഥാനത്ത് മഴ കനത്തേക്കും, 4 ജില്ലകളിൽ യെല്ലോ അലർട്ട്

  • 27/02/2022

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.

അതിനിടെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം മലാക്ക കടലിടുകിനും  അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതചുഴി  നിലനിൽക്കുകയാണ്. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മർദ്ദസ്വാധീന ഫലമായി  തെക്കൻ തമിഴ് നാട് തീരദേശ മേഖലയിൽ മാർച്ച് 2,3 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Related News