ഞങ്ങൾക്ക് പഠിക്കാൻ സ്‌കൂൾ വേണം; എം.എ. യൂസുഫലിക്ക് കത്തെഴുതി വിദ്യാർഥികൾ

  • 27/02/2022

ചാവക്കാട്: പഠിക്കുന്ന സ്‌കൂളിൻറെ ദുരവസ്ഥ വിശദീകരിച്ച് ഇരട്ടപ്പുഴ ജി.എൽ.പി സ്‌കൂൾ വിദ്യാർഥികൾ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിക്ക് കത്തയച്ചു. 97 വർഷം പിന്നിട്ട സ്‌കൂൾ കാലങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം എത്രയും പെട്ടെന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് സ്ഥലയുടമകൾ ആവശ്യപ്പെടുന്നു. അറ്റകുറ്റപ്പണി നടത്താത്ത കാരണം സ്‌കൂൾ നിലം പൊത്താവുന്ന സ്ഥിതിയിലാണ്.

ശോച്യാവസ്ഥയിലുള്ള സ്‌കൂളിന് അധികൃതർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പരിമിതമായ സൗകര്യത്തിലാണ് ക്ലാസ് മുറികൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളിന്റെ അവസ്ഥ വിവരിച്ച് വിദ്യാർഥികൾ കൂട്ടത്തോടെ യൂസുഫലിക്ക് എഴുത്തയച്ചത്. തെരഞ്ഞെടുത്ത നൂറ് വിദ്യാർഥികളാണ് കത്തയച്ചത്. 

അദ്ദേഹത്തിൽനിന്ന് നല്ല പ്രതികരണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വായനശാല പ്രവർത്തകരും. പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, ഹെഡ്മിസ്ട്രസ് ശ്രീധര ടീച്ചർ, വലീദ് തെരുവത്ത്, പ്രകാശൻ, സുബൈർ ചക്കര, സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.

Related News