യുക്രൈൻ രക്ഷാദൗത്യം: നാല് മന്ത്രിമാർ നേരിട്ടിറങ്ങും, വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

  • 28/02/2022

ദില്ലി: യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് നാല് മന്ത്രിമാർ നേരിട്ടിറങ്ങും. ഹർദീപ് സിംഗ്പുരിയും കിരൺ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ  സിംഗ് എന്നിവരടക്കം യുക്രൈൻറെ അയൽരാജ്യങ്ങളിലെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേർന്ന് നിർണ്ണായക തീരുമാനമെടുത്തിരിക്കുന്നത്.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൌരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തിരുന്നു. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.

അതേസമയം റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. വിസ്താര, എയർ ഇന്ത്യ വിമാനങ്ങളിൽ മലയാളികൾ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയർ ഇന്ത്യ ഫ്‌ലൈറ്റിൽ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് അഞ്ച് പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയർ ഇന്ത്യ വിമാനം രാത്രി 8.30 ന് എത്തും. 7.30 ന് എത്തുന്ന ഇൻഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിൻറെ ഭാഗമാകും.

Related News