ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും: വൈകുന്നേരത്തോടെ എത്തുവെന്ന് വിവരം

  • 28/02/2022


ന്യൂ ഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും. നേരത്തെ 11 മണിയോടെ വിമാനം ഡെൽഹിയിലേക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.  

എന്നാൽ വൈകുന്നേരത്തോടെ മാത്രമേ തിരികെയെത്തൂ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇതുവരെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും 1157 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിയിട്ടുണ്ട്. 249 ഇന്ത്യക്കാരാണ് വിമാനത്തിൽ നാട്ടിലേക്കെത്തിയത്. ഇതിൽ 12 പേർ മലയാളികളാണ്. ഇവർ വിസ്താര, എയർ ഇന്ത്യ വിമാനങ്ങളിൽ ഡെൽഹിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങും. വൈകിട്ടോടെ എല്ലാവരും കേരളത്തിലേക്ക് എത്തും. 

ആറ് പേരാണ് വൈകിട്ട് 5.20 ന് എയർ ഇന്ത്യ ഫ്ലൈറ്റിൽ കൊച്ചിയിലെത്തുക. തിരുവനന്തപുരത്തേക്ക് 5 പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയർ ഇന്ത്യ വിമാനം രാത്രി 8.30 ക്ക് എത്തും. 7.30 ക്ക് എത്തുന്ന ഇൻഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക.

Related News