മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണം, ഹൈക്കോടതിയിൽ രക്ഷിതാക്കളുടെ ഹർജി

  • 28/02/2022

കൊച്ചി: യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമാണ് കോടതി ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. 'ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം ഉറപ്പാക്കണം'. അതിർത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താൻ യുക്രൈൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ആവശ്യം.

'യുക്രൈൻ പട്ടാളത്തിൽ നിന്ന് കടുത്ത വിവേചനമാണ് ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്നത്. നിയന്ത്രണത്തിന്റെ പേരിൽ അതിർത്തിയിൽ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. കൊടും തണുപ്പിൽ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവർ ബുദ്ധിമുട്ടിലാണ്'. അതിർത്തിയിലേക്ക് യാത്ര ചെയ്യാനുള്ള പണം കുട്ടികൾ വഹിക്കേണ്ട സ്ഥിതിയാണെന്നും ഇക്കാര്യങ്ങളിൽ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

അതേ സമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ യുക്രൈൻ അതിർത്തി രാജ്യങ്ങളിൽ നിയോഗിച്ച് ഓപ്പറേഷൻ ഗംഗ വ്യാപിപ്പിക്കാൻ കേന്ദ്രം തീരുമാനം.  പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തിന് മന്ത്രിമാരെ നേരിട്ടയക്കാൻ തീരുമാനമായത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നഗരവികസനമന്ത്രി ഹർദ്ദീപ് സിങ് പുരി,  നിയമമന്ത്രി കിരൺ റിജ്ജ്ജു, ഗതാഗതസഹമന്ത്രി ജനറൽ വികെ സിങ്ങ് എന്നിവർക്കാണ് ചുമതല.

Related News