വിദ്യാർഥികൾ വന്നത് തട്ടമിട്ട്; പോലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ, പരീക്ഷ തടഞ്ഞു

  • 28/02/2022

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞു. കർണാടകയിലെ ഉഡുപ്പിയിലെ കോളജിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയായിരുന്നു ഇന്ന്. റെക്കോഡ് ബുക്കുകളെല്ലാം പൂർത്തിയാക്കി ഇന്ന് പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥിനികൾ. പ്രിൻസിപ്പലിൽ നിന്ന് മോശം അനുഭവമാണുണ്ടായതെന്ന് ഒരു വിദ്യാർഥി ട്വീറ്റ് ചെയ്തു. ഇന്ന് ഞങ്ങൾക്ക് ഫൈനൽ പ്രാക്ടിക്കൽ പരീക്ഷയായിരുന്നു. റെക്കോഡ് ബുക്കുകളെല്ലാം പൂർത്തിയാക്കിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയത്. 

എന്നാൽ വേദനിപ്പിക്കുന്ന പ്രതികരണമാണ് അധ്യാപകരിൽ നിന്നുണ്ടായത്. പ്രിൻസിപ്പൽ ഞങ്ങളെ ഭീഷണിപ്പെടുത്തി. അഞ്ച് നിമിഷങ്ങൾക്കകം കോളജിൽ നിന്ന് പുറത്തുപോകണം. പോയില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞുവെന്ന് വിദ്യാർഥിനി ട്വീറ്റിൽ പറയുന്നു.

മൂന്ന് വിദ്യാർഥിനികളെയാണ് ഇന്ന് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. ഹിജാബ് നിരോധനത്തിനെതിരെ ആറ് വിദ്യാർഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിൽ മൂന്ന് വിദ്യാർഥിനികളെ ഇന്ന് തടഞ്ഞു. റെക്കോഡുകളെല്ലാം സമർപ്പിക്കാൻ വേണ്ടിയും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വേണ്ടിയുമാണ് ഇന്ന് സ്‌കൂളിൽ പോയത്. റെക്കോഡ് വാങ്ങാൻ അധ്യാപിക തയ്യാറായില്ല. ഹിജാബ് നീക്കിയാൽ മാത്രമേ സ്വീകരിക്കൂ എന്ന് അധ്യാപിക പറഞ്ഞു എന്ന് വിദ്യാർഥി പ്രതികരിച്ചു.

Related News