പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ; ഒപ്പം നിന്ന് പിണറായിയും രാഹുലും തേജസ്വിയും ഒമർ അബ്ദുള്ളയും

  • 28/02/2022

ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്‍റെ ശബ്ദമുയരുന്നുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതാക്കളുടെ പ്രസംഗം.


ഇന്ത്യയുടെ വിഭിന്ന സംസ്കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുവെന്ന് പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്‍റെ മക്കളാണ്. ആ ബന്ധം കൂടുതൽ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയിൽ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിദ്ധ്യം നിലനിർത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ഇടതു പാർട്ടികളും മതേതര ജനാധിപത്യ പാർട്ടികളും കൈകോർക്കണം. എല്ലാവർക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.

Related News