ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ശക്തമായി പ്രതികരിക്കുന്നത് കേരളം: സിതാറാം യെച്ചൂരി

  • 01/03/2022

കൊച്ചി : ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ചൈനയെ അമേരിക്ക ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. സിപിഐഎം സംസ്ഥാന സമ്മേളം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച യെച്ചൂരി, കേന്ദ്രം ഭരണഘടനയുടെ അടിസ്ഥാന ശിലകളെ സംഘടിതമായി അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കുന്നു. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഉയർന്ന ഹിജാബ് വിവാദം ഇതിന്റെ ഭാഗമാണ്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിന് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തമാക്കണം. ദേശീയ തലത്തില രാഷ്ട്രീയ ഇടപെടൽ ശേഷി വർദ്ധിക്കണം. ബിജെപിയെ ഒറ്റപ്പെടുത്താൻ ഇടത് പക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് വ്യാപിക്കാൻ കാരണം വാക്‌സിൻ അസമത്വമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. കൊവിഡ് മരണം കൂടുന്നതിനും ഇത് കാരണമായി. പ്രതിസന്ധി കാലത്തും ഓഹരി കുതിക്കുന്നത് കേന്ദ്ര സർക്കാർ പണമിറക്കുന്നത് കൊണ്ടാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 

Related News