പുന:സംഘടന നിർത്തി വച്ച ഹൈക്കമാൻഡ് നടപടിയിൽ കെ.സുധാകരന് അതൃപ്തി; പരാതി കൈമാറണമെന്ന് ആവശ്യം

  • 01/03/2022

തിരുവനന്തപുരം: എം.പിമാരുടെ പരാതിയിൽ കെപിസിസി പുന:സംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഡിസിസി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നൽകുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അർധരാത്രിയോടെ പുന:സംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുന:സംഘടനയിൽ എംപിമാർക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് ഇടപെടൽ നടത്തിയത്. 

എന്നാൽ എഐസിസിയുടെ ഇടപെടലിൽ കടുത്ത അതൃപ്തിയാണ് കെ.സുധാകരനുള്ളത്. പാർട്ടിയിലെ ഗ്രൂപ്പുകളുമായി വിവിധ വിഭാഗം നേതാക്കളുമായും മാരത്തൺ ചർച്ചകൾ നടത്തിയലും എല്ലാരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമാണ് കെപിസിസി ഡിസിസി പുനസംഘടന പട്ടിക തയ്യാറാക്കിയതെന്ന് കെ.സുധാകരൻ ചൂണ്ടിക്കാട്ടുന്നു. പുന:സംഘടനയിൽ ഗ്രൂപ്പ് നേതാക്കൾക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തിൽ പുനസംഘടന നിർത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്.

പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരൻ എഐസിസി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പുനസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാൻഡിനോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സുധാകരനും വിഡി സതീശനും ചേർന്നുള്ള പുതിയ നേതൃത്വമാണ് പുനസംഘടനയ്ക്ക് നേതൃത്വം കൊടുത്തതതെങ്കിലും ഇപ്പോൾ സതീശനും കെ.സി.വേണുഗോപാലും ചേർന്ന് പുതിയൊരു ശാക്തികചേരി രൂപപ്പെട്ടതായി സുധാകരൻ കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പുമായി സുധാകരൻ കൂടുതൽ അടുക്കുന്നുമുണ്ട്.

Related News