ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; 'മോദി സർക്കാരിന് പ്രവർത്തനമില്ല, പ്രചാരണം മാത്രം'; വിമർശിച്ച് കോൺഗ്രസ്

  • 01/03/2022

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ട സംഭവത്തിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. മോദി സർക്കാർ യുവാക്കളെ  ഉപേക്ഷിച്ചു. യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രഹ്ലാദ് ജോഷി അപമാനിച്ചു. രക്ഷാപ്രവർത്തനമല്ല,  നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺഗ്രസ് വിമർശിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 

ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത് എന്നാണ് വിവരം. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. 

ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു. 

Related News