ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനില്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

  • 01/03/2022

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനില്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നബാധിത മേഖലകളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് യോഗത്തിലെ മുഖ്യ അജണ്ട.ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.


കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തത്.നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫല്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെല്ലാം മരണഭയത്തിലാണ്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടത്താതെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ പരിഹാരം ഉണ്ടാകില്ലെന്നാണ് കേരള സര്‍ക്കാര്‍ പ്രതിനിധി വേണു രാജാമണി പറഞ്ഞത്. 'എംബസിയുടെ കൈയില്‍ നില്‍ക്കുന്ന കാര്യമല്ല ഇത്. വിദേശകാര്യ മന്ത്രാലയം മാത്രം ഇടപെട്ടിട്ടും കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ ഉന്നത തലത്തില്‍ ഇടപെടേണ്ടിവരും'- വേണു രാജാമണി പറയുന്നു. ഏറ്റവും ഉന്നത തലത്തില്‍ ഇടപെടേണ്ട ഘട്ടം അതിക്രമിച്ചുവെന്നും വേണു രാജാമണി പറയുന്നു. കേന്ദ്രമന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയച്ചതുകൊണ്ട് വലിയ കാര്യമില്ല. നമ്മുടെ പ്രതിസന്ധി കീവിലാണ്. കീവില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സഹായമെത്തിക്കുമെന്നും എങ്ങനെ പുറത്തേക്ക് അവരെ എത്തിക്കാന്‍ കഴിയുമെന്നും ഉള്ളതിനാണ് നമ്മുടെ ആദ്യ പരിഗണന.

Related News