ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം; സിപിഎം നയരേഖയിൽ മുഖ്യമന്ത്രി

  • 01/03/2022

കൊച്ചി: പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ സംസ്ഥാനത്ത് വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് സിപിഎം നയരേഖ. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയിൽ പറയുന്നു. സിഐടിയുവിനെതിരെ രൂക്ഷ വിമർശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. 

അതുപോരാ, തൊഴിലാളികളിൽ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഡിവൈഎഫ്‌ഐക്ക് പ്രശംസയുമുണ്ട്. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വിഭാഗീയത തുരുത്തുകളെ കുറിച്ച് വിമർശനം ഉണ്ട്. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിൽ വിഭാഗീയത ഉണ്ട്. അൻപത് ശതമാനം വോട്ടർമാരുടെ പിന്തുണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. സിപിഎം അടിത്തറ ശക്തമാക്കി ഈ നേട്ടത്തിലേക്ക് എത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 

വരുന്ന കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാർട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുൾപ്പടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളിൽ വെള്ളം ചേർക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Related News