ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികന് 60 വർഷത്തിനു ശേഷം പ്രധാനമന്ത്രിയുടെ ബഹുമതി

  • 01/03/2022

നെടുമങ്ങാട്: യൂണിഫോമണിഞ്ഞ സൈനിക ഉദ്യോഗസ്ഥർ പട്ടാളവണ്ടിയിൽ പെരിങ്ങമ്മലയിൽ വന്നിറങ്ങിയപ്പോൾ എല്ലാവരും അമ്പരന്നു. 60 വർഷം മുൻപു നടന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ച പോരാളിക്കുള്ള പ്രധാനമന്ത്രിയുടെ ബഹുമതിയുമായിട്ടായിരുന്നു അവരുടെ വരവ്. ഇന്ത്യ-ചൈന യുദ്ധത്തിൽ പങ്കെടുത്ത് ജീവൻത്യജിച്ച പാലോട് പെരിങ്ങമ്മല സ്വദേശി ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് പട്ടാളക്യാമ്പിൽനിന്ന് ആദ്യമായി ഉദ്യോഗസ്ഥരെത്തിയത്. സൈനികർ വന്നുപോയതിനു ശേഷം ബാലകൃഷ്ണപിള്ള എന്ന ധീരസൈനികന്റെ വീരസ്മരണകൾ നാട് വീണ്ടും ഓർത്തു.

പെരിങ്ങമ്മല ചെറിയ തൊളിക്കോട് അയ്യപ്പൻപിള്ള-ദേവകി അമ്മ ദമ്പതിമാരുടെ രണ്ടാമത്തെ മകൻ ബാലകൃഷ്ണൻ 18-ാം വയസ്സിലാണ് പട്ടാളത്തിൽ ചേർന്നത്. പരിശീലനം പൂർത്തിയാക്കിയിട്ട് മൂന്നുവട്ടം നാട്ടിൽ വന്ന് മടങ്ങിയിരുന്നു. പട്ടാളക്കാരനെ കാണാനും രാജ്യത്തിന്റെ കഥകൾ കേൾക്കാനും അന്ന് അയൽക്കാർ വീട്ടുമുറ്റത്ത് ഒത്തുകൂടിയത് സഹോദരൻ ഓർക്കുന്നു. പെട്ടെന്നാണ് ഇന്ത്യ-ചൈന യുദ്ധം ആരംഭിച്ചത്. 1962-ഒക്ടോബറിൽ തുടങ്ങി നവംബറിൽ അവസാനിച്ച പോരാട്ടത്തിൽ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിനിടെ 21-കാരനായ ബാലകൃഷ്ണനും ചൈനീസ് പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യുവരിച്ചു.

മകനെ കാത്തിരുന്ന അമ്മയ്ക്കു മുന്നിലെത്തിയത് മരണവാർത്തയാണ്. മൂന്നുമാസം കഴിഞ്ഞാണ് മരണവിവരം വീട്ടുകാർപോലുമറിഞ്ഞത്. മഞ്ഞിൽ പുതഞ്ഞുപോയ ധീരസൈനികന്റെ മൃതദേഹം കണ്ടെടുക്കാൻപോലുമായില്ല. പിന്നീട് ബാലകൃഷ്ണൻ നാടിന് ജ്വലിക്കുന്ന ഓർമയായി. 60-വർഷത്തിനിപ്പുറം ലോകം മറ്റൊരു യുദ്ധഭീതിയിൽ നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അറിയപ്പെടാത്ത യുദ്ധനായകന്മാരുടെ ചരിത്രം സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമം' എന്ന പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച സുവർണപ്പതക്കവുമായി പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് ഉദ്യോഗസ്ഥർ ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തിയത്.

Related News