മീഡിയാവൺ വിലക്ക് തുടരും: സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷനൽ ബഞ്ചിൽ നൽകിയ ഹർജി തള്ളി

  • 02/03/2022


കൊച്ചി: മീഡിയാ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. ചാനൽ വിലക്ക് തുടരും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹർജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാ‍ർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.

സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ ചാനൽ പ്രതിനിധികൾ വ്യക്തമാക്കി.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവൺ ചാനലിനായി ഹാജരായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നും ദുഷ്യന്ത് ദവെ വാദിച്ചു. 

ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണ്. വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്നും ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദിച്ചിരുന്നു.

Related News