ഉത്സവം കണ്ട് വീട്ടിലേക്ക് പോകവെ ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷം

  • 02/03/2022

പൊയിനാച്ചി: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി കാണാതായ യുവാവിനെ 22 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ റോഡരികിലെ കുഴിയില്‍ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പെരിയഡുക്കയിലെ കെ. വിജേഷിനാണ് ദാരുണാന്ത്യം. ഇരുപത് വയസായിരുന്നു. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രഫി വിദ്യാര്‍ഥിയാണ്. 

ചട്ടഞ്ചാല്‍ കളനാട് റോഡിലെ കുളിക്കുന്നിലാണ് സംഭവം നടന്നത്. തൃക്കണ്ണാട്ട് ആറാട്ട് ഉത്സവത്തിന് പോയി ഞായറാഴ്ച അര്‍ധരാത്രി വിജേഷും കൂട്ടുകാരും വേറെ വേറെ ബൈക്കുകളിലാണ് മടങ്ങിയത്. കൂട്ടുകാര്‍ വീട്ടിലെത്തി വിജേഷിനെ വിളിച്ച് നോക്കിയപ്പോള്‍ ഫോണ്‍ അടിക്കുന്നുണ്ടെങ്കിലും എടുത്തില്ല. തിങ്കളാഴ്ച രാവിലെ വരെ ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിജേഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെരുമ്പള പരിധിയിലാണ് കാണിച്ചത്. പല ഭാഗത്തും തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന നാട്ടുകാര്‍ ഇതോടെ കോളിയടുക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

രാത്രിയോടെ ഫോണ്‍ ലൊക്കേഷന്‍ മാങ്ങാട് കൂളിക്കുന്നില്‍ കാണിച്ചു. കൂളിക്കുന്ന് വളവില്‍ കോളിയടുക്കം ഭാഗത്തേക്കുള്ള റോഡിനു സമീപം മാസങ്ങള്‍ക്ക് മുന്‍പ് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം നടന്നിരുന്നു. നാട്ടുകാരില്‍നിന്ന് ലഭിച്ച ഈ സൂചനവെച്ചുള്ള തിരച്ചിലിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ വിജേഷിന്റെ മൃതദേഹം കുഴിയില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വന്ന ബൈക്ക് വളവില്‍ നിയന്ത്രണം വിട്ട് മരത്തില്‍ തട്ടി കുഴിയിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.യില്‍ അപകടദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും പ്രാഥമികമായി മറ്റു ദുരൂഹതകളില്ലെന്നും മേല്‍പ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് പറഞ്ഞു.

ഹെല്‍മറ്റ് ധരിച്ച നിലയിലാണ് വിജേഷിന്‍റെ മൃതദേഹം കാണപ്പെട്ടത്. ഹെല്‍മെറ്റിന് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. വീഴ്ചയില്‍ പറ്റിയ പരിക്കുകളാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ അപകട മേഖലയായതിനാല്‍ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു. റോഡില്‍ നിന്നും കുഴി കാണാത്തതാണ് മൃതദേഹം കണ്ടെത്താന്‍ സമയം എടുത്തത്.

Related News