മേഖലകൾ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി ഉണ്ടാക്കണം, വിശദ വിവരം പുറത്തുവിടൂ; 'ഓപ്പറേഷൻ ഗംഗ'യിൽ ചോദ്യമുയർത്തി രാഹുൽ ഗാന്ധി

  • 02/03/2022

ദില്ലി: യുക്രൈൻ രക്ഷാദൗത്യത്തിൻറെ വിശദവിവരം പുറത്ത് വിടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. കൂടുതൽ ദുരന്തം ഒഴിവാക്കാൻ സർക്കാർ വിവരങ്ങൾ പുറത്ത് വിടണം. എത്രപേർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങൾ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണം. മേഖലകൾ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി ഉണ്ടാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്.  ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്.

ഓപ്പറേഷൻ ഗംഗ പ്രതീക്ഷിച്ച രീതിയിൽ പുരോഗിക്കുന്നുണ്ടെന്നും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്‌ള പറഞ്ഞു. 65 കിലോ മീറ്റർ നീളം വരുന്ന വമ്പൻ റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവിൽ നിന്നും എല്ലാ പൌരൻമാരോടും അടിയന്തരമായി ഒഴിയാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്.

Related News