'നടന്നെങ്കിലും ഖാർകീവ് വിടൂ' എന്ന് എംബസി, വിനിത്സിയയിൽ രോഗം മൂലം ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

  • 02/03/2022

ദില്ലി: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ ജിൻഡാൽ. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചന്ദൻ. 

മസ്തിഷ്‌കാഘാതത്തെത്തുടർന്നാണ് ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാൽത്തന്നെ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. നില വഷളായതോടെ പ്രാദേശിക സമയം ഉച്ചയോടെ ചന്ദൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ഇന്നലെ ഖാർകീവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡർ കൊല്ലപ്പെട്ടിരുന്നു. കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ട് സമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം നടന്നത്. പ്രദേശത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപ്പേരാണ്.

Related News