സുഹൃത്തുക്കളായ യുവാവും യുവതിയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

  • 02/03/2022

സുല്‍ത്താന്‍ ബത്തേരി:  വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവും യുവതിയും ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയിലാണ് സുഹൃത്തുക്കളായ പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

മണിച്ചിറയിലെ സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.  

മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്. മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന പ്രകാശന്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നാട്ടില്‍ തന്നെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ടുവരികയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന ബബിതക്ക് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പോലീസ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News