എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കും, സ്വകാര്യ വിമാനങ്ങളും വ്യോമസേനാവിമാനങ്ങളും ദൗത്യത്തിന്റെ ഭാഗം: പ്രതിരോധ സഹമന്ത്രി

  • 02/03/2022

എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. സ്വകാര്യ വിമാനങ്ങളും വ്യോമസേനാവിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ് ഓരോ വ്യക്തിയെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അജയ് ഭട്ട് പറഞ്ഞു. ഇതിനിടെ ഓപറേഷൻ ഗംഗയുടെ ഭാഗമായുള്ള വ്യോമസേനയുടെ രക്ഷാദൗത്യം തുടങ്ങി. ഇതുവരെ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരുമായി തിരിച്ചെത്തി. ഇവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുളള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഇന്ന്‌ലെ നടത്തിയ ചർച്ചയിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തി വഴി ഇവരെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഖാർക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ. ട്രെയിനുകളിൽ ഇന്ത്യക്കാരെ കയറ്റാൻ തയാറാകുന്നില്ലെന്ന് പല വിദ്യാർഥികളും പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും, ട്രെയിനിൽ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്‌ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ഇതിനിടെ യുക്രൈയിനിലെ ഖാർകീവിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥിനിയായ മകളെ രാജ്യത്തെത്തിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ദന്പതികളായ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം ചിറ്റൂർ സ്വദേശിനിയായ ആതിര ഷാജിയുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. പെൺകുട്ടിയും ഒപ്പമുളളവരും യുക്രെയിൻ അതിർത്തി കടന്നെന്നും സുരക്ഷിതരായി ഉടൻ രാജ്യത്തെത്തുമെന്നും കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾ കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും കോടതിയെ ധരിപ്പിക്കും.

Related News