'800 മലയാളി വിദ്യാർത്ഥികൾ കൂടി കാർകീവ് വിട്ടു'; സ്ഥിരീകരിച്ച് വേണു രാജാമണി

  • 03/03/2022

ദില്ലി: കാർകീവിൽ നിന്ന് 800 മലയാളി വിദ്യാർത്ഥികൾ അതിർത്തിയിലേക്ക് തിരിച്ചതായി ദില്ലിയിലെ കേരള പ്രതിനിധി വേണു രാജാമണി. ഇവർക്ക് പടിഞ്ഞാറൻ യുക്രൈനിലേക്ക് ട്രൈയിൻ കിട്ടി. ഇനിയും വിദ്യാർത്ഥികൾ കാർകീവിലുണ്ടെന്നും സഹായങ്ങൾ ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി പറഞ്ഞു. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത്  ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു.

പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങൾ വീണ്ടും തിരിച്ചു. വ്യോമതാവളത്തിലെത്തിയ വിദ്യാർത്ഥികളെ പ്രതിരോധസഹമന്ത്രി അജയ് ഭട്ട് സ്വീകരിച്ചു. വരും ദിവസങ്ങൾ കൂടൂതൽ വ്യോമസേന വിമാനങ്ങൾ രക്ഷാ പ്രവർത്തനത്തിൻറെ ഭാഗമാകുമെന്ന് അജയ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് അതിർത്തികടന്നതെന്നും  മറ്റ് ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരികെ എത്തിക്കണമെന്നും തിരികെ എത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു.

യുക്രൈനിലെ സുപ്രധാന നഗരങ്ങൾ എല്ലാം തരിപ്പണമാക്കി റഷ്യൻ ആക്രമണം തുടരുകയാണ്. കരിങ്കടലിനോട് ചേർന്ന മരിയോപോൾ നഗരത്തിൽ മണിക്കൂറുകൾ നീണ്ട മിസൈൽ ആക്രമണത്തിൽ നൂറു കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. കീവ്, കാർകീവ് നഗരങ്ങളിൽ ഇപ്പോഴും കനത്ത ആക്രമണം തുടരുകയാണ്. യുക്രൈൻ വിട്ടോടിയവരുടെ എണ്ണം പത്തുലക്ഷം കടന്നു.

Related News