യുദ്ധം നിർത്താൻ പുതിനോട് നിർദേശിക്കാൻ ഞങ്ങൾക്ക് കഴിയുമോ?; ഹർജി പരിഗണിച്ച് സുപ്രീംകോടതി

  • 03/03/2022

ന്യൂഡൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് പുതിനോട് നിർദേശിക്കാൻ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.

കിഴക്കൻ യുക്രൈനിലുള്ള വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. റഷ്യൻ അതിർത്തിയിലുള്ള പടിഞ്ഞാറൻ യുക്രൈനിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. മുപ്പതോളം വിദ്യാർത്ഥിനികൾ അടക്കമുള്ളവർ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈൻ അതിർത്തിയിൽ കഴിയുകയാണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഏത് സർക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിർദേശം നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ആരാഞ്ഞു. വിദ്യാർത്ഥികളുടെ അവസ്ഥയിൽ വിഷമം കോടതിക്ക് വിഷമം ഉണ്ട്. സാമൂഹിക
മാധ്യമങ്ങളിൽ കോടതി ഇടപെടുന്നില്ലെന്ന അഭിപ്രായം ചിലർ പ്രകടിപ്പിക്കുന്നത് കണ്ടു. എന്നാൽ യുദ്ധം നിർത്താൻ പുതിനോട് നിർദേശിക്കാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ മടക്കി കൊണ്ട് വരാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതിയിൽ നിന്ന് പരാമർശം ഉണ്ടായാൽ ഒഴിപ്പിക്കൽ ദൗത്യം കൂടുതൽ ഫലപ്രദമായി കേന്ദ്ര സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

Related News