വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 38കാരന് വധശിക്ഷ

  • 03/03/2022

പൂനെ: രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 38-കാരന് വധശിക്ഷ. പൂനെയിലെ അതിവേഗ കോടതിയാണ് പോക്സോ കോടതിയാണ് 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. വെല്‍ഹെ താലൂക്കിലെ കഡ്വെ സ്വദേശിയായ സഞ്ജയ് ബബന്‍ കട്കറെയാണ് മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്. 

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പൂനെയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷവിധിച്ചത്. 2021 ഫെബ്രുവരി 15 -നാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വെൽഹെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 

പൊലീസുകാരുടെ അന്വേഷണത്തില്‍ സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് വിശദമാക്കി. തൊട്ടടുത്ത ദിവസം, മാല്‍ഖേഡിനും തോപ്തേ വാഡിക്കും ഇടയിലുള്ള റോഡിലെ ഒരു കലുങ്കിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.റായ്ഗഡ് ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി സഞ്ജയ് കട്കറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ സ്ഥിരമായി പോയിരുന്നത് രണ്ടുവയസുകാരിയുടെ വീടിന് മുമ്പിലൂടെയായിരുന്നു. കട്കര്‍ പെണ്‍കുട്ടിയെ വീട്ടുവളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

Related News