16കാരിയെ അമ്മയുടെ കാമുകന്‍ വീടിന്റെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്നു; അമ്മയും കാമുകനും അറസ്റ്റില്‍

  • 03/03/2022


ആഗ്ര: പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. അലിഗഢിലെ പരേതനായ മുഹമ്മദ് ബാബു-ഷാസിയ ദമ്പതിമാരുടെ മകള്‍ യാസ്മീന്‍(16) കൊല്ലപ്പെട്ട കേസിലാണ് മാതാവ് ഷാസിയ, കാമുകനായ മുഹമ്മദ് ആരിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. മുഹമ്മദ് ആരിഫാണ് കേസിലെ മുഖ്യപ്രതിയെന്നും പെണ്‍കുട്ടിയെ മൂന്നാം നിലയിലെ ടെറസില്‍നിന്ന് തള്ളിയിട്ടത് ഇയാളാണെന്നും പോലീസ് പറഞ്ഞു. ഷാസിയയുടെ ഭര്‍ത്താവ് മുഹമ്മദ് ബാബു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം ഷാസിയ മുഹമ്മദ് ആരിഫുമായി അടുപ്പത്തിലായി. ഷാസിയയെ കാണാനായി ഇയാള്‍ ഇടയ്ക്കിടെ വീട്ടിലെത്തുമായിരുന്നു.  മാതാവിന്റെ കാമുകന്‍ വീട്ടില്‍ വരുന്നത് യാസ്മീന്‍ എതിര്‍ത്തു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പലതവണ യാസ്മീന് മര്‍ദനമേല്‍ക്കുകയും ചെയ്തു. 

 സംഭവ ദിവസം രാത്രിയും ഷാസിയയെ കാണാനായാണ് ആരിഫ് ഇവരുടെ വീട്ടിലെത്തിയത്. വാതില്‍തുറന്ന യാസ്മീന്‍, മാതാവ് വീട്ടില്‍ ഇല്ലെന്നായിരുന്നു ആരിഫിനോട് പറഞ്ഞത്. ഷാസിയ വീട്ടിലുണ്ടായിട്ടും മകള്‍ ഇല്ലെന്ന് പറഞ്ഞതോടെ യുവാവിന് ദേഷ്യം വന്നു. തുടര്‍ന്ന് ആരിഫ് ഷാസിയയുടെ കണ്‍മുന്നില്‍വെച്ച് യാസ്മീനെ പൊതിരെ തല്ലുകയായിരുന്നു. രക്ഷപ്പെടാനായി യാസ്മീന്‍ മൂന്നാംനിലയിലേക്ക് ഓടി. പിന്തുടര്‍ന്നെത്തിയ ആരിഫ്, പെണ്‍കുട്ടിയെ കണ്ടെത്തുകയും പിന്നാലെ മൂന്നാംനിലയിലെ ടെറസില്‍നിന്ന് തള്ളിയിടുകയുമായിരുന്നു. 

 കൊലക്കുറ്റം ചുമത്തിയാണ് ആരിഫിനെയും ഷാസിയെയും അറസ്റ്റ് ചെയ്തതെന്ന് സിവില്‍ ലൈന്‍സ് സര്‍ക്കിള്‍ ഓഫീസര്‍ ശ്വേതാഭ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. യാസ്മീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Related News