219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു, ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം തുടരുന്നു

  • 03/03/2022

ദില്ലി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റിൽ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും നാളെയുമായി 7400  പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം. ഇന്ന് രാവിലെ 8 മണിക്കുള്ളിൽ  ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങൾ ദില്ലി വിമാനത്താവളത്തിലും, 2 എയർഫോർസ് വിമാനങ്ങൾ ഹിൻഡൻ എയർ ബേസിലും എത്തും. കൂടുതൽ എയർഫോഴ്സ് വിമാനങ്ങൾ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും. കീവിൽ നിന്നും രക്ഷപ്പെട്ട് അതിർത്തികളിൽ എത്തിയ വിദ്യാർത്ഥികളാകും വരും ദിവസങ്ങളിൽ കൂടുതലായും ഇന്ത്യയിലെത്തുക. അതേസമയം ഹാർഖീവിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്കുള്ള ട്രെയിനിൽ കയറാൻ സാധിച്ചത് ആശ്വാസമാവുകയാണ്.

അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രം?ഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

Related News