ഹാർപ്പികും സന്ദു ബാമും കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി; പണവും സ്വര്‍ണവും കവര്‍ന്ന വീട്ടുജോലിക്കാരി പിടിയില്‍

  • 04/03/2022

ഹൈദരാബാദ്: ഹൈദരാബാദില്‍ ഹാർപ്പികും സന്ദു ബാമും ചേര്‍ത്ത് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വേലക്കാരിയായ 32കാരി ഭാർഗവി പോലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.  

സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിൽ ഒറ്റക്കാണ് 73കാരിയായ ഹേമാവതി താമസിച്ചിരുന്നത്. മകൻ ശശിധര്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഇയാളാണ് ഭാർഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി 2021 ഓഗസ്റ്റിൽ നിയമിച്ചത്. ഏഴ് വയസ്സുള്ള മകൾക്കൊപ്പം കഴിയുന്ന ഭാർഗവി, ഇതോടെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. 

ഒക്ടോബറിൽ ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട ഭാർഗവി കണ്ണിലെന്തെങ്കിലും മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു. തുടർന്ന് ബാത്ത്റൂം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഹാർപ്പിക്കും സന്ദു ബാമും വെള്ളത്തിൽ കലർത്തി കണ്ണിലൊഴിക്കുകയായിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഹേമാവതി തന്റെ മകനോട് കണ്ണിന് അണുബാധയുണ്ടെന്ന് പറഞ്ഞപ്പോൾ, അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഴ്ച കൂടുതൽ കൂടുതല്‍ മങ്ങി വരുന്നതോടെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനായിരുന്നില്ല. 

മകൻ നാട്ടിലെത്തുകയും അമ്മയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.  ഹേമാവതിയുടെ കണ്ണിൽ വിഷം കലർന്ന മിശ്രിതം വീണിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതോടെ ഭാർഗവിയെ സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകി. പോലീസ് ചോദ്യം ചെയ്തതോടെ നടന്ന സംഭവം ഭാർഗവി പറഞ്ഞു. മാത്രമല്ല, ഹേമാവതിയിൽ നിന്ന് 40000 രൂപയും രണ്ട് സ്വർണ്ണ വളകളും ഒരു സ്വർണ്ണമാലയും കവർന്നതായും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഭാർഗവിയെ കോടതി റിമാന്റ് ചെയ്തു. 

Related News