30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയിലെത്തി; ഇന്നലെ എത്തിയ 115 പേർ കേരളത്തിലേക്ക്

  • 04/03/2022

ദില്ലി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയിൽ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെത്തിയത്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാർത്ഥികൾ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള ചാർട്ടേഡ് എയർ ഏഷ്യ വിമാനത്തിലാണ് വിദ്യാർഥികൾ കൊച്ചിയിലേക്ക് പുറപ്പെടുക. 

ഇന്നും നാളെയുമായി 7400  പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം. 

അതിനിടെ പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രം?ഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

Related News