വിമാനത്തിൽ കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച സംഭവം: സോഫിയയുടെ പിതാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • 04/03/2022

തിരുനെൽവേലി: വിമാനയാത്രക്കിടെ നരേന്ദ്ര മോദി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാർത്ഥി ലോയിസ് സോഫിയയുടെ പിതാവിന് തമിഴ്‌നാട് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. നഷ്ടപരിഹാരം ഉത്തരവാദികളായ ഏഴ് പൊലീസുകാരിൽ നിന്ന് ഈടാക്കി മൂന്ന് മാസത്തിനകം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. മൂന്നര വർഷം മുമ്പ് ചെന്നൈ-തൂത്തുക്കുടി വിമാനത്തിൽ വെച്ചാണ് സംഭവം. 

അന്നത്തെ തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി രൂക്ഷമായ തർക്കത്തെ തുടർന്നാണ് കാനഡയിൽ പഠിക്കുന്ന തമിഴ് വിദ്യാർത്ഥി ലോയിസ് സോഫിയ കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയത്. കാനഡയിൽ മാത്തമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ലോയിസ് സോഫിയ 2018 സെപ്റ്റംബറിൽ അവധിക്ക് ഇന്ത്യയിൽ വന്നപ്പോഴാണ് സംഭവം. പിതാവ് ഡോ. എഎ സാമിയോടും അമ്മയുമോടൊപ്പം ചെന്നൈയിൽ നിന്ന് തൂത്തുക്കുടി വിമാനത്തിലായിരുന്നു യാത്ര. ഇതേ വിമാനത്തിലാണ് ബിജെപി അധ്യക്ഷനായിരുന്ന തമിഴിസൈയും യാത്ര ചെയ്തത്. ബിജെപി നേതാവിനെ കണ്ടയുടൻ സോഫിയ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. 

സംഭവത്തെ തുടർന്ന് തൂത്തുക്കുടി വിമാനത്താവളത്തിലെത്തിയ ബിജെപി പ്രവർത്തകർ സോഫിയ തമിഴിസൈയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും സോഫിയയുടെ മാതാപിതാക്കളെ വിമാനത്താവളത്തിൽ തടയുകയും ചെയ്തു. തുടർന്് പൊലീസ് എത്തി  ബി.ജെ.പി പ്രവർത്തകരെ ശാന്തരാക്കിയ ശേഷം സോഫിയയെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് അറസ്റ്റ് ചെയ്തു.

Related News