യുക്രൈനിൽ കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്കയറിയിച്ച് കോടതി; ഒഴിപ്പിക്കലിന് വേഗം കൂട്ടുമെന്ന് കേന്ദ്രം

  • 04/03/2022

ദില്ലി: യുക്രൈനിൽ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ. ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കാൻ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോർണ്ണി ജനറൽ കോടതിയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയാൻ ഹെൽപ് ലൈൻ നമ്പറുകൾ ഏർപ്പെടുത്താൻ വാക്കാൽ നിർദ്ദേശം നൽകി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം 90  ലെ കുവൈറ്റ് രക്ഷാദൗത്യം ഓർമ്മപ്പിച്ച് അനുഭവ പരിചയമുണ്ടെന്നും അവകാശപ്പെട്ടു

കേന്ദ്രസർക്കാരിൻറെ ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കൻ യുക്രൈനിലെ നഗരങ്ങളിൽ മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോൾ കാർകീവ്, പിസോച്ചിൻ സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയിൽ 600 മലയാളി വിദ്യാർത്ഥികൾ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിലും മലയാളികൾ ഉൾപ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. 

കിഴക്കൻ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറൻ യുക്രൈനിൽ എത്തിച്ചേർന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളിൽ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നൽകിയ നമ്പറുകൾ പ്രവർത്തനക്ഷമമാണെന്ന വ്യാപക പരാതികൾ കിട്ടിയതായി കേരള സർക്കാരിൻറെ ദില്ലിയിലെ  പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു. 

Related News