വേനൽ കടുത്തു, പാലക്കാട്ടെ താപനില 41 ഡിഗ്രീ; ന്യൂനമർദ്ദം ശക്തിപ്പെട്ടാൽ മഴയ്ക്ക് സാധ്യത

  • 04/03/2022

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്രന്യൂനമർദ്ദമായി മാറും. നിലവിൽ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശ്രീലങ്കൻ തീരം വഴി തമിഴ്‌നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കിട്ടുമെന്നാണ് പ്രവചനം. മറ്റന്നാൾ മുതലാണ് സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്.

അതേസമയം വേനൽക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് താപനില കൂടുകയാണ്.  പാലക്കാട് ജില്ലയിൽ ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. 

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതൽ. 2016-ലെ 41.9 ഡിഗ്രീയാണ് ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന താപനില. ചൂട് കനക്കുന്നതോടെ കുടിവെള്ളക്ഷാമമുണ്ടാകുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടുകാർ.

Related News