പ്രത്യേക വിമാനത്തില്‍ ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം, സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

  • 04/03/2022

ന്യൂഡല്‍ഹി: പ്രത്യേക വിമാനത്തില്‍ ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്നില്‍ നിന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ അഹാന. ഓപ്പറേഷന്‍ ഗംഗയ്‌ക്ക് കീഴില്‍ യുക്രെയ്നില്‍ നിന്ന് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെയാണ് സര്‍ക്കാര്‍ രാജ്യത്ത് എത്തിക്കുന്നത് . ഇതിനിടയിലാണ് ഫാത്തിമ അഹാനയുടെ ഹര്‍ജി.


യുക്രെയ്‌നിലെ ഒഡെസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ അഹാന മുഹമ്മദ് അഷ്‌റഫ്. യുവതി സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന. എയര്‍ ഇന്ത്യ ഒഴിപ്പിക്കല്‍ വിമാനത്തിനായി റൊമാനിയയിലേക്കുള്ള യാത്രാമധ്യേ മോള്‍ഡോവയിലെ ചെക്ക് പോയിന്റില്‍ കുടുങ്ങിയ ഇവര്‍ക്ക് ചെക്ക് പോയിന്റ് കടക്കാന്‍ അവസരം ഒരുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഫാത്തിമ അഹാന മുഹമ്മദ് അഷ്‌റഫും മറ്റ് 250 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഭാഗത്തുള്ള മോള്‍ഡോവ അതിര്‍ത്തിയില്‍ കുടുങ്ങിയതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ എഎം ദാര്‍, അഡ്വ ഡാനിഷ് മജിദ് ദാര്‍, അഭിഭാഷകന്‍ അഭയ് ആനന്ദ് ജെന എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Related News