തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്വകാര്യ മെഡിക്കൽകോളേജുകളിൽ പഠനസാധ്യത തേടുന്നു

  • 04/03/2022

ന്യൂഡൽഹി: യുക്രൈനിൽ പഠനം പാതിവഴിയിൽ നിർത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻവിദ്യാർഥികൾക്ക് രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിനുള്ള സാധ്യത തേടുന്നു. വിദേശ മെഡിക്കൽപഠനവുമായി ബന്ധപ്പെട്ട 'ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസൻഷ്യേറ്റ് റെഗുലേഷൻസ്' നിയമത്തിൽ ഇളവുകൾ വരുത്തി 18,000-ത്തിലേറെയുള്ള മെഡിക്കൽ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ചർച്ചകൾ ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മിഷനും ആരംഭിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ, ദേശീയ മെഡിക്കൽ കമ്മിഷൻ അംഗങ്ങൾ, നിതി ആയോഗ് അംഗങ്ങൾ എന്നിവർ അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട് യോഗംചേരും. യുക്രൈനിലേക്കുള്ള വിദ്യാർഥികളുടെ മടക്കയാത്ര സമീപഭാവിയിൽ സാധ്യമായില്ലെങ്കിൽ ഇതൊരു പ്രത്യേക വിഷയമായി പരിഗണിച്ച് ഇന്ത്യയിൽ തുടർപഠനമൊരുക്കുന്നതിന്റെ സാധ്യതയാണ് അന്വേഷിക്കുന്നത്.

ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിക്കുക, മറ്റു വിദേശരാജ്യത്ത് തുടർപഠനത്തിന് സൗകര്യമേർപ്പെടുത്തുക എന്നിങ്ങനെ രണ്ടുമാർഗങ്ങളാണ് പരിഗണിക്കുന്നത്. ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസൻഷ്യേറ്റ് റെഗുലേഷൻസ് നിയമപ്രകാരം ഏത് വിദേശസർവകലാശാലയിൽ പഠിക്കാനുള്ള അനുമതിയാണോ ഇന്ത്യൻസർക്കാർ നൽകുന്നത്, അവിടെത്തന്നെ കോഴ്സും ഇന്റേൺഷിപ്പുമുൾപ്പടെയുള്ളവ പൂർത്തിയാക്കണമെന്നാണ് ചട്ടം. വിദേശത്ത് പാതിവഴിയിൽ പഠനം മുടങ്ങിയാൽ ഇന്ത്യയിൽ തുടർപഠനത്തിന് പ്രത്യേക നിയമഭേദഗതി ആവശ്യമാണ്.

വിദ്യാർഥികളെ ഇന്ത്യയിൽ പഠിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിദ്യാർഥികൾ ആവശ്യപ്പെടുന്ന കോളേജുകളിൽ സീറ്റ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കണമെന്നാണ് ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. സഹജാനന്ദ് സിങ് ആവശ്യപ്പെടുന്നത്.

Related News