ഓപ്പറേഷൻ ഗംഗ: ഇന്ത്യയിലെത്തിയവരുടെ എണ്ണം 12000 കടന്നു, കേരളത്തിലേക്ക് ദില്ലിയിൽ നിന്ന് 3 പ്രത്യേക സർവീസുകൾ

  • 05/03/2022

ദില്ലി: ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ 629 പേരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാർത്ഥികൾക്കായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. രണ്ടായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. 

പിസോച്ചിനിൽ ആയിരം പേരും കാർകീവിൽ മുന്നൂറും, സുമിയിൽ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയം അറിയിച്ചത്.അതേസമയം രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യുക്രൈൻ ഇനിയും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ. ''കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം'. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ എംബസികൾ വിദ്യാർത്ഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ നിർദേശം വൈകി. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും തമിഴ്‌നാടിൽ നിന്നുള്ള വിദ്യാർത്ഥി പറഞ്ഞു. 

Related News