കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍

  • 05/03/2022

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ മടത്തുകുളം സ്വദേശി വി വൈദ്യനാഥൻ (50) ആണ് അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) ആണ് പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. എൻസിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യൻ അധികൃതരെ അറിയിച്ചു. എൻസിഎംഇസിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐപി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തി. പ്രതിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. സെക്ഷന്‍ 13, 14(2), 67(ബി)ബി വകുപ്പുകൾ ചേർത്താണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

ക്ഷേത്ര പൂജാരി ഫെയ്സ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. 2020ലാണ് ഇയാള്‍ ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത്. അശ്ലീല ഉള്ളടക്കമുള്ള ചില വിവരങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനെക്കുറിച്ചുള്ള യുഎസ് ഏജന്‍സിയുടെ റിപോര്‍ട്ട് തിരിപ്പൂര്‍ ജില്ലാ പൊലിസ് മേധാവിക്കാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അറസ്റ്റിലായത്. ഉദുമല്‍പേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വെങ്കിട്ടപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. 

Related News