'ഗാഡ്ഗിൽ-കസ്തൂരിരംഗൻ വിഷയത്തിൽ പി ടിയുടെ നിലപാടായിരുന്നു ശരി', കോൺഗ്രസിന് തെറ്റുപറ്റിയെന്ന് സുധാകരൻ

  • 05/03/2022

തൊടുപുഴ: ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. കോൺഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിൻറെ നിലപാടായിരുന്നു ശരി. അന്നത്തെ കോൺഗ്രസ് നിലപാടിൽ ഖേദിക്കുന്നെന്നും കെ സുധാകരൻ ഇടുക്കിയിൽ പറഞ്ഞു. കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. എന്തു വിലകൊടുത്തും കെ റെയിൽ നടപ്പാക്കുന്നത് തടയും. കേരളത്തെ വലിയ കടക്കെണിയിൽ തള്ളിയിടുന്നതാണ് പിണറായിയുടെ കെ റയിൽ പദ്ധതിയെന്നും സുധാകരൻ പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ പൈലിയെ ന്യായീകരിച്ചും സുധാകരൻ സംസാരിച്ചു. കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞു. ധീരജിനെ നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ വിമർശനം ഉയർത്തി. 

പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരൻ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരൻ ചോദിച്ചു.

Related News