ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീട്ടിൽ പ്രസവിച്ചു; രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

  • 05/03/2022

കണ്ണൂർ: കണ്ണൂരില്‍ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാര്‍. കണ്ണൂർ  കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. 

പ്രസവവേദന അനുഭവപ്പെട്ടതോടെ രമ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ജെയ്സൺ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് പി.സിറാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി മാത്യു എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശൈലജ, ആശ പ്രവർത്തക സൗമ്യ എന്നിവരും ഇവരെ ആംബുലൻസിൽ അനുഗമിച്ചു.

വാഹനം എത്തിപ്പെടാത്ത വഴി ആയതിനാൽ ആംബുലൻസ് റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം 500 മീറ്ററോളം സ്‌ട്രെച്ചറുമായി നടന്നാണ് ആംബുലൻസ് സംഘം രമ്യയുടെ അടുത്തെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി ഉടൻ തന്നെ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ സ്‌ട്രെച്ചറിൽ രമ്യയെയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് സിറാജ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. 

Related News