യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ, ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിന് ഗുണംചെയ്യുമോയെന്ന ആശങ്കയിൽ വിദേശകാര്യമന്ത്രാലയം

  • 05/03/2022

ദില്ലി: യുക്രൈനിലെ താൽക്കാലിക വെടിനിർത്തൽ കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയോടെ വിദേശകാര്യമന്ത്രാലയം. കിഴക്കൻ യുക്രൈനിലെ മേഖലകളിൽ ഇത് വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെയാണ് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളുള്ളത്. ഇവിടെ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം, ആക്രമണം രൂക്ഷമായ സുമിയിൽ നിന്ന് വാഹനങ്ങൾ കിട്ടില്ലെന്ന് ഉറപ്പായതോടെ കൊടുംതണുപ്പിലും ഇന്ത്യൻ വിദ്യാർത്ഥികൾ നടന്ന് പോകാൻ തീരുമാനിക്കുകയാണ്. സർക്കാരിൻറെ ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എംബസികളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ലെന്നും, അതിർത്തികളിലേക്ക് നടന്ന് പോകുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. 

അതേസമയം, സുരക്ഷിതപാത ഒരുക്കാനുള്ള ശ്രമമാണെന്നും അനാവശ്യമായി യാത്ര ചെയ്യരുതെന്നും വിദേശകാര്യമന്ത്രാലയം കുട്ടികളോട് പറയുന്നുണ്ട്. പക്ഷേ അനിശ്ചിതമായി നീളുന്ന ഒഴിപ്പിക്കൽ നാട്ടിലെ രക്ഷിതാക്കളെയും ജീവൻ പണയം വച്ച് എംബസിയുടെ സഹായത്തിനായി കാക്കുന്ന കുട്ടികളെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.

Related News