തുളഞ്ഞുകയറിയ ഗ്രനേഡ് അവശിഷ്ടങ്ങള്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു

  • 05/03/2022

കോട്ടയം : തുളഞ്ഞുകയറിയ ഗ്രനേഡ് അവശിഷ്ടങ്ങള്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു. കോട്ടയം പാത്താമുട്ടം സ്വദേശി ഹവില്‍ദാര്‍ വര്‍ഗീസ് മാത്യുവാണ് മൂന്നര പതിറ്റാണ്ടിലേറെ ലോഹക്കഷ്ണങ്ങളുമായി ജീവിച്ചത്. എന്നാല്‍ പുറത്തെടുക്കാന്‍ കഴിയാത്ത വിധം ലോഹക്കഷ്ണങ്ങള്‍ ഇപ്പോഴും മാത്യുവിന്റെ ശരീരത്തില്‍ ഉണ്ട്.


1984ല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടന്ന 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍' സൈനിക നടപടിക്കിടെയാണ് സൈനികന് ഗുരുതരമായി പരിക്കേറ്റത്. സുവര്‍ണ ക്ഷേത്രത്തില്‍ തമ്ബടിച്ച ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ജൂണ്‍ അഞ്ചിന് തീവ്രവാദികള്‍ ഒളിച്ചിരുന്ന ബങ്കറുകള്‍ തകര്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

അക്രമികളുടെ വെടിയുണ്ടകള്‍ ഹവില്‍ദാര്‍ വര്‍ഗീസ് മാത്യുവിന്റെ ശരീരത്തില്‍ തുളഞ്ഞുകയറി. പിന്നാലെ പെട്രോള്‍ ബോംബുകളും ഗ്രനേഡുകളും പൊട്ടിത്തെറിച്ചു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ സഹസൈനികരാണ് രക്ഷപ്പെടുത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചില്ല് നീക്കാനായില്ല.

അന്നത്തെ സൈനിക നടപടിക്കിടെ വര്‍ഗീസിന്റെ ഇടതുകൈയിലെ രണ്ട് വിരലുകളും അറ്റുപോയിരുന്നു. കത്തിക്കരിഞ്ഞു പോയ തൊലി പിന്നീട് കൃത്രിമമായി വച്ചുപിടിപ്പിക്കുകയായിരുന്നു. അന്ന് ശരീരത്തില്‍ തുളഞ്ഞു കയറിയ രണ്ട് ഗ്രനേഡ് അവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയത്. സ്വന്തം ജീവന്‍ വകവയ്‌ക്കാതെയുള്ള ഹവില്‍ദാര്‍ വര്‍ഗീസ് മാത്യുവിന്റെ ധീരമായ പോരാട്ടത്തെ രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരുന്നു.

Related News