നാടിന്റെ വികസനത്തിന്‌ വേണ്ടി ഭൂമി വിട്ടുകൊടുക്കേണ്ടവര്‍ അത്‌ ചെയ്യുക തന്നെ വേണം: മുഖ്യമന്ത്രി

  • 06/03/2022

കോഴിക്കോട്‌: നാടിന്റെ വികസനത്തിന്‌ വേണ്ടി ഭൂമി വിട്ടുകൊടുക്കേണ്ടവര്‍ അത്‌ ചെയ്യുക തന്നെ വേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്‌ കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിഭാവനം ചെയ്‌താല്‍ അത്‌ നടപ്പാക്കുക തന്നെ ചെയ്യും.


ഇക്കാര്യത്തില്‍ വിവിധ തലങ്ങളുണ്ട്‌. പദ്ധതിയുടെ ഗുണവശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ആദ്യം പദ്ധതിയെ അനുകൂലിച്ചതാണ്‌. എന്നാല്‍ സംസ്‌ഥാന ബി.ജെ.പി. ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ നിലപാട്‌ മാറ്റിയതെന്നും പിണറായി ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആരെയും ബുദ്ധിമുട്ടിപ്പിക്കണമെന്ന്‌ സര്‍ക്കാരിന്‌ അഭിപ്രായമില്ല, നാടിന്റെ വികസനത്തിന്‌ അല്‌പം സ്‌ഥലം വിട്ടുകൊടുക്കുന്നതിനു ജനങ്ങള്‍ സന്നദ്ധരാക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച്‌ ജനങ്ങള്‍ക്ക്‌ അറിയാം. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ സംസ്‌ഥാനത്തിന്റെ തൊഴിലില്ലായ്‌മ കൂട്ടാനാണ്‌ ശ്രമിക്കുന്നത്‌.

സില്‍വര്‍ ലൈന്‍ സമ്ബൂര്‍ണ പരിസ്‌ഥിതി സൗഹൃദമായ പദ്ധതിയാണ്‌. പരിസ്‌ഥിതിക്ക്‌ ഒരു തരത്തിലുള്ള കോട്ടവും ഈ പദ്ധതി കൊണ്ടുണ്ടാവില്ല. പരിസ്‌ഥിതി ലോല പ്രദേശങ്ങളിലൂടെയോ, വന്യജീവി സംരക്ഷിത മേഖലകളിലൂടെയോ, സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നില്ല. പദ്ധതിയെക്കുറിച്ച്‌ ഉയരുന്ന ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയുടെ പരിപാടി നടന്ന വേദിയിലേക്ക്‌ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. നൂറു കണക്കിന്‌ സ്‌ത്രീകളടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. മുഖ്യമന്ത്രിയോട്‌ സംസാരിക്കാന്‍ ശ്രമിച്ച യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

Related News