മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നത് എല്ലാവർക്കും സ്വീകാര്യനായ നേതാവ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെന്ന് റിപ്പോർട്ട്

  • 06/03/2022

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുക. അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച നടക്കും. പാണക്കാട് ജുമുഅത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് സംസ്‌കാരം നടക്കുക.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലുള്ള മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദിൽ ജനാസ നമസ്‌ക്കാരത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂൺ 15 നാണ് ഹൈദരലി തങ്ങൾ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. 18 വർഷത്തോളം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു.

Related News