ഹോട്ടല്‍ മുറിയില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 06/03/2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കാട്ടാക്കട സ്വദേശി ഗായത്രിദേവിയാണ് ഹോട്ടൽ മുറിയിൽ വെച്ച് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങി. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. 

ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണ്‍ എത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും വന്നെന്നാണ് ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തി മുറി കുത്തിത്തുറന്നത്. 

107 ആം നമ്പർ മുറിൽ ഒരു സ്ത്രീ  മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ  ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.

പ്രണയത്തെച്ചൊല്ലിയുള്ള തർക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിയുകയും പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി.

പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം  പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Related News