ബൈക്കിനുള്ളിൽ ഒളിച്ച് മൂർഖന്‍; വാവ സുരേഷിനെ കാത്ത് 5 മണിക്കൂര്‍, ഒടുവില്‍ പിടികൂടി

  • 06/03/2022

ചാരുംമൂട്: ബൈക്കിനുള്ളിൽ ഒളിച്ച  മൂർഖനെ പിടികൂടാന്‍ കാത്തിരുന്നത് അഞ്ച് മണിക്കൂര്‍. വാവ സുരേഷ്  എത്തിയാണ് പാമ്പിനെ പിടികൂടിയത്. ചാരുമൂട് (  ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവ സുരേഷിന്‍റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. 

വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെ മകൻ അഖിൽ ജിമ്മിൽ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയിൽ കിടന്നിരുന്ന പാമ്പ് പത്തിവിടർത്തി കൊത്താനാഞ്ഞത്. വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയാണ് കടിയേൽക്കാതെ അഖിൽ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറ് മൂടിയിരുന്ന ബൈക്കിലേക്ക് കയറി.

വീട്ടുകാരും, വിവരം അറിഞ്ഞെത്തിയ അയൽവാസികളും പാമ്പിന് കാവലായി. ഇതിനിടെ വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. ഉടനെത്താമെന്ന് സുരേഷ് അറിയിച്ചു. വാവാ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. മൂന്നരയ്ക്ക് തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയിൽ ചുറ്റി കിടന്ന പാമ്പിനെ  നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരേഷ് പിടികൂടി. വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിന് നാട്ടുകാർ സ്വീകരണവും നൽകി.

Related News