പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ഓർമ്മ; പാണക്കാട് ജുമാ മസ്ജിദിൽ പൊലീസ് ബഹുമതികളോടെ ഖബറടക്കി

  • 06/03/2022

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട. ഖബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. ജനത്തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.ഇന്ന് രാവിലെ ഒന്പത് മണിക്ക് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ തന്നെ ഖബറക്കം നടത്തുകയായിരുന്നു. 

മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഖബറിടം ഒരുക്കിയത്. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം.വലിയ ജനക്കൂട്ടമായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലും പിന്നീട് പാണക്കാട് വീടിലേക്ക് എത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും ആയ പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇന്നലെ 12.40ഓടെയാണ് മരണം സംഭവിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ്  ഹൃദയാഘാതം ഉണ്ടയി മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം കൊച്ചിയിൽ നിന്ന് മലപ്പുറത്തെത്തിച്ച ശേഷംടൗൺ ഹൗളിൽ പൊതുദർശനത്തിന് വച്ചു. ജനസഗരം ഒഴുകി എത്തിയതോടെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മൃതദേഹം അവസാനമായി ഒരു നോക്കു കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്ക് നിയന്ത്രണാതീതമായതോടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പാണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകായിരുന്നു. ഖബറടക്കം കഴിഞ്ഞ ശേഷവും ജുമാ മസ്ജിദിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.

Related News