പാർട്ടി അച്ചടക്ക നടപടിക്കെതിരെ എസ് രാജേന്ദ്രൻ; കോടിയേരിയെ നേരിൽ കണ്ട് അപ്പീൽ നൽകി

  • 06/03/2022

ഇടുക്കി: തനിക്കെതിരെ പാർട്ടി എടുത്ത അച്ചടക്ക നടപടിക്ക് എതിരെ എസ് രാജേന്ദ്രൻ അപ്പിൽ നൽകി.സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടാണ് അപ്പീൽ നൽകിയത്.തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് കാണിച്ചാണ് അപ്പീൽ നൽകിയത്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും ദ്യശ്യങ്ങളും രാജേന്ദ്രൻ കൈമാറിയിട്ടുണ്ട് .പാർട്ടി നടപടിക്ക് എതിരെ അപ്പീൽ പോകില്ലെന്ന നിലപാടിലായിരുന്നു നേരത്തെ എസ്. രാജേന്ദ്രൻ.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.രാജേന്ദ്രനെ സി പി എം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു  രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്.  മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവ്വം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായി. 

പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്.

Related News