വിദ്യാർഥികളെ തീവണ്ടിയിൽ കയറ്റാതെ യുക്രൈൻ അധികൃതർ: ഇടപെട്ട് വേണു രാജാമണി

  • 06/03/2022

ന്യൂഡൽഹി: യുക്രൈനിൽ തീവണ്ടിയിൽ കയറ്റാതെ മാറ്റിനിർത്തപ്പെട്ടപ്പോൾ ഇന്ത്യയിലിരുന്ന് ഇടപെട്ട് സഹായിച്ച കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണുരാജാമണിക്ക് നന്ദിയറിച്ച് മലയാളി വിദ്യാർഥികൾ. കീവിലെ ബൊഗോമോലെക്സ് സർവകലാശാലയിലെ 250 വിദ്യാർഥികൾക്കാണ് വേണു രാജാമണി നേരിട്ട് എംബസിയിൽ നടത്തിയ ഇടപെടൽകാരണം യാത്ര അനുവദിക്കപ്പെട്ടത്.

എംബസി അധികൃതരെയടക്കം നൂറുകണക്കിന് പേരെ നിരന്തരം ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്ത സഹായമാണ് സാധ്യമായതെന്ന് മെഡിക്കൽവിദ്യാർഥി കൊല്ലം മൂന്നാംകുറ്റി സ്വദേശിയുമായ മുഹമ്മദ് ഫൈസ് പറഞ്ഞു. ഫെബ്രുവരി 28-നാണ് നഗരം വിടാൻ സർവകലാശാലയിലെ ഇന്ത്യൻവിദ്യാർഥികൾക്ക് നിർദേശം ലഭിച്ചത്. രണ്ട് മണിക്കൂർ ഇടവിട്ട് കീവിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽനിന്ന് റൊമാനിയ അതിർത്തിയിലേക്ക് ട്രെയിനുണ്ടെന്ന നിർദേശം ലഭിച്ചെങ്കിലും സ്റ്റേഷനിലെ സ്ഥിതി മറ്റൊന്നായിരുന്നു. ഇന്ത്യൻ വിദ്യാർഥികളെ ട്രെയിനിൽ കയറ്റാൻ അധികൃതർ തയ്യാറായില്ലെന്ന് ഫൈസ് പറഞ്ഞു.

എംബസി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോൾ എടുക്കാൻപോലും തയ്യാറായില്ല. തുടർന്ന് വേണു രാജാമണിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം എംബസിയുമായി സംസാരിച്ച് ട്രെയിനിലെ മൂന്ന് ബോഗികകൾ ഇന്ത്യൻ വിദ്യാർഥികൾക്കായി സജ്ജീകരിച്ചു നൽകി. 14 മണിക്കൂർ യാത്രചെയ്ത് റൊമാനിയയിലെ അതിർത്തിയിലെത്തിയ വിദ്യാർഥികൾ ബസിലാണ് സ്ലൊവാക്യയിലെത്തിയത്. ഞായറാഴ്ച ഇന്ത്യയിലെത്തിയ വിദ്യാർഥികളെ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് അയച്ചു.

Related News