ലീഗിനെ നയിക്കാൻ സാദിഖലി ശിഹാബ് തങ്ങൾ; ഉന്നതാധികാര സമിതി യോഗത്തിൽ ഏകകണ്ഠ തീരുമാനം

  • 07/03/2022

മലപ്പുറം: മുസ്ലിം ലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗം ആണ് തീരുമാനമെടുത്തത്.  പ്രതീക്ഷിച്ചിരുന്ന പോലെ തന്നെയാണ് തീരുമാനം. സാദിഖലി ശിഹാബ് തങ്ങളെ പ്രിസിഡന്റായി തീരുമാനിച്ച പ്രഖ്യാപനം ഖാദർ മൊയ്തീൻ ആണ് നടത്തിയത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. 

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങളെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അസുഖ ബാധിതനായി പ്രവർത്തനപഥത്തിൽ നിന്ന് മാറി നിന്ന സമയം മുതൽ സാദിഖലി ശിഹാബ് തങ്ങളാണ് ആ സ്ഥാനം താൽകാലികമായി വഹിച്ചിരുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങൾ പ്രവർത്തിക്കും.മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണ് സാദിഖ് അലി തങ്ങൾ 

വലിയ രാഷ്ട്രീയ പ്രതിസന്ധികളാണ് സാദിഖലി ശിഹാബ് തങ്ങളെ കാത്തിരിക്കുന്നത്. യു ഡി എഫിന്റെ ഭാഗമായി നിൽക്കുമ്പോഴും ഭരണമില്ലെന്നതും അടുത്ത തെരഞ്ഞെടുപ്പും ലീഗിനെ അലട്ടുന്ന കാര്യമാണ്. മുൻ അധ്യക്ഷന്മാരെക്കാൾ സംഘടനാകാര്യങ്ങളിൽ കുറെകൂടി ഇടപെടുന്ന നേതാവാകും ലീഗിന്റെ പുതിയ പ്രസിഡണ്ട്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2009 മുതൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ   അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ്. 

Related News