യുക്രൈൻ യുദ്ധം: ബുഡാപെസ്റ്റിൽ നിന്നുള്ള അവസാനത്തെ വിദ്യാർഥികളെയും കൊണ്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയിലെത്തി

  • 07/03/2022

ന്യൂഡെൽഹി: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇൻഡ്യക്കാരെ ഒഴിപ്പിക്കാൻ സർകാർ ആരംഭിച്ച 'ഓപറേഷൻ ഗംഗ'യുടെ മേൽനോട്ടം വഹിച്ച കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബുഡാപെസ്റ്റിൽ നിന്ന് 6711 വിദ്യാർഥികളോടൊപ്പം തിങ്കളാഴ്ച മടങ്ങിയെത്തി. ഇതോടെ ബുഡാപെസ്റ്റിൽ കുടുങ്ങിയ എല്ലാ പൗരന്മാരെയും നാട്ടിലെത്തിച്ചെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ യുവാക്കൾക്ക് അവരവരുടെ വീടുകളിലെത്തി മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ഒരുമിച്ച് കഴിയാമെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ സന്തോഷം പ്രകടിപ്പിച്ചു. 'ബുഡാപെസ്റ്റിൽ നിന്നുള്ള ഞങ്ങളുടെ 6711 വിദ്യാർഥികളുടെ അവസാന ബാചുമായി ഡെൽഹിയിൽ എത്തിയതിൽ സന്തോഷമുണ്ട്. ചെറുപ്പക്കാർ വീട്ടിലെത്തുമ്‌ബോൾ സന്തോഷവും ഉത്സാഹവും ആശ്വാസവും ഉണ്ട്, ഉടൻ തന്നെ അവരുടെ മാതാപിതാക്കളോടും കുടുംബങ്ങളോടും ഒപ്പം ചേരും. സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു,' - ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ഒരാഴ്ചയ്ക്കിടെ, 16,000-ത്തിലധികം വിദ്യാർഥികളെ 'ഓപറേഷൻ ഗംഗ' വഴി യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചു. ഖാർകിവും സുമിയും ഒഴികെ, യുക്രൈനിലെ ശേഷിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള മിക്കവാറും എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇൻഡ്യൻ എംബസി പറഞ്ഞു. 'ഷെലിംഗ്, റോഡ് തടസങ്ങൾ, വഴിതിരിച്ചുവിടൽ, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയ്ക്കിടയിലും ലഭ്യമായ അളവിലും മാർഗങ്ങളിലും ഭക്ഷണവും വെള്ളവും പിസോചിനിലേക്ക് വിതരണം ചെയ്യുന്നത് തുടർന്നു.'

Related News