'മിഷൻ എം എൽ എ' യുമായി കോൺഗ്രസ്‌ ; കൂറുമാറ്റം തടയാൻ പുതിയ നീക്കം

  • 07/03/2022

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ മിഷന്‍ എംഎല്‍എ പദ്ധതിയുമായി കോണ്‍ഗ്രസ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഗോവ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളാണ് എംല്‍എമാരുടെ കൂറുമാറ്റം കാരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ അരയും തലയും മുറുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കൂറുമാറ്റം തടയാനായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അയച്ചു.


എംഎല്‍എമാരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും തൂക്കുസഭകള്‍ ഉണ്ടായാല്‍വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുമാണ് കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പാര്‍ട്ടിക്ക് അധികാരം പിടിക്കാനായില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കി.

Related News